കുമളി: കൊവിഡ് മഹാമാരിക്കാലത്ത് മിക്കവാറും രാഷ്ട്രീയ-സാമൂഹ്യ സംഘടനകളും അതിജീവന പദ്ധതികളുമായിറങ്ങിയെങ്കിലും ടീം കോൺഗ്രസ് വണ്ടിപ്പെരിയാർ അവരിൽ നിന്നെല്ലാം വ്യത്യസ്തരാണ്. പലതരം ചലഞ്ചുകളിലൂടെ സംഭാവനയായി സ്വീകരിക്കുന്ന പണമോ സാധനങ്ങളോ ആണ് മിക്ക സംഘടനകളുടെയും മൂലധനം. സംഘടനാശേഷിയെ ഭയന്ന് നിർബന്ധിത പിരിവിനു വിധേയരായ പലരും മനസ്സില്ലാ മനസ്സോടെയാണ് പല സംഘടനകളുടെയും കാട്ടിക്കൂട്ടലുകൾക്ക് പണമോ സാധനങ്ങളോ നൽകിയത്. എന്നാൽ പൂർണ സംതൃപ്തിയോടെ ജീവകാരുണ്യ പ്രവർത്തനത്തിലേർപ്പെടാൻ സാധാരണക്കാരെ സഹായിച്ച ടീം കോൺഗ്രസ് വണ്ടിപ്പെരിയാറാണ് ഇപ്പോൾ ഇടുക്കിയിലെ താരങ്ങൾ.

ഷാജി പൈനാടത്ത്

കൊവിഡ് കാലത്ത് ബിരിയാണി ചലഞ്ചിലൂടെ പണം സമാഹരിച്ച് കാരുണ്യ പ്രവർത്തനത്തിലേർപ്പെട്ടാണ് ഇവർ വ്യത്യസ്തത കാണിച്ചത്. രണ്ടു തവണയായി നടത്തിയ ബിരിയാണി ചലഞ്ചിൽ ജനങ്ങൾ ആവേശപൂർവം പങ്കെടുത്തതോടെ ടീം കോൺഗ്രസ് വണ്ടിപ്പെരിയാർ തികച്ചും സൗജന്യമായ സേവനങ്ങൾ കോവിഡ് രോഗികൾക്ക് നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്ററും എപ്പോഴും യാത്രക്ക് സജ്ജമായ ആറു വാഹനങ്ങളും തികച്ചും സൗജന്യമായി ഏർപ്പെടുത്താൻ ഇവർക്കു കഴിഞ്ഞു. കൂടാതെ എല്ലാ ദിവസവും സൗജന്യ ഭക്ഷണ വിതരണവും നടത്തി.മൂവായിരത്തിലധികം ബിരിയാണി വിറ്റ് കിട്ടിയ തുക കൊണ്ട് നൂറ്റമ്പത് പേർക്ക് ഇത്രയും ദിവസം സൗജന്യ ഭക്ഷണം നൽകാനായതും ഇരുന്നൂറിലധികം രോഗികൾക്ക് യാത്രാ സൗകര്യം സൗജന്യമായി നൽകാനായതും അതിജീവനത്തിനായുള്ള നാട്ടിലെ കോൺഗ്രസുകാരുടെ ഇച്ഛാശക്തിയാണെന്ന് ടീം ക്യാപ്റ്റൻ ഷാജി പൈനാടത്ത് പറഞ്ഞു. ഇപ്പോഴും രോഗികളുടെ യാത്രക്ക് നിശ്ചിത ഫീസ് ഈടാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗജന്യ യാത്ര ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *