നെടുങ്കണ്ടം: സി.പി.എമ്മിന് എം.എം മണി ആശാനെങ്കിൽ കോൺഗ്രസുകാർക്ക് പ്രസിഡൻ്റാണ് ഇ.എം ആഗസ്തി. ഇത്തവണ ഉടുമ്പൻചോലയിൽ ആശാനെ നേരിടുന്നത് കോൺഗ്രസുകാരുടെ പ്രിയപ്പെട്ട പ്രസിഡൻ്റാണ്. ജില്ലയിലെ ഏറ്റവും തലമുതിർന്ന നേതാവിനെ തന്നെ രംഗത്തിറക്കിയത് മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് കോൺഗ്രസ് പറയുന്നത്.മുൻപ് എം.എം മണിയെ ഇതേ മണ്ഡലത്തിൽ പരാജയപ്പെടുത്തിയ ഇ.എം ആഗസ്തി എ.ഐ.സി.സി അംഗവും കൂടിയാണ്. ഉടുമ്പൻചോല നിയോജക മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ച ആഗസ്തി എത്തുന്നതോടെ മണ്ഡലത്തിലെ യു.ഡി.എഫ് അണികളും ആവേശത്തിലാണ്. ജില്ലയിലെ കോൺഗ്രസിൽ ഇത്തവണ കാര്യമായ ഗ്രൂപ്പു പോരുകളില്ല എന്നതും ശ്രദ്ദേയമാണ്. മുൻപ് രണ്ടു തവണ മത്സരിച്ചപ്പോഴും ആഗസ്തി നേടിയ വോട്ടുകൾ എം.എം മണി നേടിയതിനെക്കാൾ പതിനായിരത്തിലധികമാണ്. എ.ഐ.സി.സി സർവേയിലും മണ്ഡലത്തിൽ ആഗസ്തി മത്സരിച്ചാൽ വിജയസാധ്യത ഉണ്ടെന്ന് കണ്ടതോടെയാണ് മികച്ച സഹകാരിയും വാഗ്മിയുമായ ആഗസ്തിക്ക് നറുക്കു വീണത്. മൂന്നാം വിജയം ലക്ഷ്യം വെച്ചെത്തുന്ന ആഗസ്തിക്ക് തടയിടാൻ മണിയാശാന് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ജില്ലയിലെ ഇരു പാർട്ടികളുടെയും അമരക്കാരായ ആശാനും പ്രസിഡൻ്റും തമ്മിലുള്ള പോരാട്ടം ഉടുമ്പൻചോലയെ ദേശീയ ശ്രദ്ധയിലെത്തിക്കുമെന്ന കാര്യം ഉറപ്പാണ്.
മണിയാശാന് മണി കെട്ടാൻ പ്രസിഡൻ്റെത്തി
